Tuesday, July 17, 2012

യക്ഷി




അകലെയെവിടെയോ ഓരിയിടുന്ന കുറുക്കന്‍മാര്‍ രാത്രിക്ക് ഒരു വന്യ ഭാവം നല്‍കി. നിശാഗന്ധി പൂത്തു നില്‍ക്കുന്ന നടുമുറ്റത്തു അന്നു പതിവില്ലാതെ പാലപ്പൂവിന്റെ ഗന്ധം. എന്തോ മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നു. എന്തോ ആപത്തു വരാന്‍ പോകുന്നെന്ന് മനസ്സ് മന്ത്രിക്കുന്നു .പെട്ടന്നാണ് അത് കണ്ടത്. കുറച്ചകലെയുള്ള കുടപ്പനയുടെ ചുവട്ടില്‍ ഒരിളക്കം!ഞാന്‍ ശ്രദ്ധിച്ചു നോക്കി!

കുടപ്പനയുടെ താഴെ ഒരു വെള്ള രൂപം! നിലത്തിഴയുന്ന വെള്ള സാരിയെടുത്തു എന്റെ നേര്‍ക്ക്‌ ഒഴുകി വരുന്നു. അതെ. ഒരു  സ്ത്രീ രൂപം!. ഭീമാകാരമായ രൂപം. പഴമക്കാര്‍ പറയുന്ന, കഥകളില്‍ വായിച്ചറിഞ്ഞ യക്ഷി! അവളതാ അടുത്തെത്തിക്കഴിഞ്ഞു.എന്റെ സപ്ത നാഡികളും തളര്‍ന്നു. എനിക്കനങ്ങാന്‍ കഴിയുന്നില്ല.
ഭയം എന്നെ കീഴ്പെടുത്തി.
അവള്‍ക്കു ഒരു പനയോളം നീളമുണ്ട്. അവളുടെ കണ്ണുകള്‍ രണ്ടും തീകട്ട പോലെ ജ്വലിക്കുന്നു!
അടങ്ങാത്ത രക്ത ദാഹം ഞാനാ മിഴികളില്‍  കണ്ടു. കൂര്‍ത്തു മൂര്‍ത്ത നഖങ്ങളുള്ള അവളുടെ ഭീമാകാരമായ കൈകള്‍ എന്നിലേക്ക് നീണ്ടു വന്നു. നീണ്ട ദംഷ്ട്രകള്‍ പുറത്തേക്കു നീണ്ടു വന്നു.
വിശന്നുവലഞ്ഞ ചെന്നായയെ പോലെ ആര്‍ത്തിയോടെ അവള്‍ എന്നെ നോക്കി.
ആരോഗ്യദൃഡഗാത്രനായ യുവാവായ എന്നെ കണ്ടപ്പോള്‍ ആ കണ്ണുകള്‍ ഒന്ന് തിളങ്ങിയോ?
എന്നെ നിസ്സാരമായി അവള്‍ കൈകളില്‍ പൊക്കിയെടുത്തു.ദൈവമേ ഇവളുടെ കയ്യില്‍ പെട്ട് പിടഞ്ഞു മരിക്കാനായിരിക്കും എന്റെ വിധി. എന്റെ ചുടു ചോര കുടിച്ചുഇവള്‍ എന്നെ തീര്‍ക്കുമോ? അവളുടെ ദംഷ്ട്രകള്‍ പുറത്തേക്കു നീണ്ടു വരുന്നു.
മരണത്തെ പുല്‍കാന്‍ തയ്യാറായി ഞാന്‍ കണ്ണുകള്‍ പൂട്ടി.!!
പെട്ടന്നാണ് അത് സംഭവിച്ചത്.!
ആരോ എന്നെ പിടിച്ചു ശക്തിയായി കുലുക്കുന്നു. ഞാന്‍ കണ്ണുകള്‍ തുറന്നു.
യക്ഷിക്കു പകരം റൂം മേറ്റ്‌ ഫസ്സല്‍! അവന്റെ കോപ്പിലെ ബ്രഷും പിടിച്ചു നില്ക്കുന്നു.!!
കരയണോ ചിരിക്കണോ എന്നറിയാതെ ഞാന്‍ ത്രിശങ്കുവിലായി.
“ഡാ നീ ഇന്ന് ഓഫീസില്‍ പോകുന്നില്ലേ? ഏഴര മണി കഴിഞ്ഞു. ഇനി എപ്പോ കുളിച്ചു പോകാനാ”
കഴിഞ്ഞതെല്ലാം ഒരു സ്വപനമാണെന്നു വിശ്വസിക്കാനേ കഴിയുന്നില്ല.
യക്ഷിയുടെ കൈകളിലല്ല മറിച്ച് മരുഭൂമിയുടെ, പ്രവാസത്തിന്‍റെ നീറുന്ന കൈകളില്‍ ഒരു ദിവസം കൂടി ആരംഭിക്കുന്നു എന്ന സത്യം മനസ്സിലാക്കി യക്ഷിയെ മനസ്സിലോര്‍ത്തു ഒരു കപ്പ് ആവി പറക്കുന്ന സുലൈമാനി ഊതിയൂതിക്കുടിച്ചു.

Saturday, July 14, 2012

പ്രണയിനി



സായന്തനത്തിലെ ചെങ്കതിര്‍ തട്ടി
അവളുടെ മുഖം അരുണിമയാര്‍ന്നു
വഴിവക്കില്‍ എന്നെയും കാത്തു
അകലേക്ക്‌ മിഴി നട്ട്‌ അവളിരുന്നു
ആര്‍ദ്രമായ മിഴികളില്‍ പ്രേമത്തിന്റെ
നീലക്കടല്‍ , തിരമാലകള്‍ ഓളം തുള്ളുന്നു
ഇന്നും പ്രിയേ നിനക്കരികിലെ-
ത്താന്‍ ഞാന്‍ വൈകി
പരിഭവമേതുമില്ലാതെ നിറഞ്ഞ പുഞ്ചിരി
മനസ്സിലെ ഭാരമൊഴിഞ്ഞു പോയി
മല നിരകളില്‍ നിന്നും തണുത്ത
കാറ്റ്‌ ഞങ്ങളെ തഴുകി
അകലെ ഒഴുകി നടക്കുന്ന രണ്ടു മേഘങ്ങളായി
മാറി ആകാശത്തിന്റെ അനന്തതയില്‍
സ്വപ്നത്തേരിലേറി പറന്നു
ഏകാന്ത സന്ധ്യകളിലെയീ സമാഗമം
അത് മാത്രമാണെന്‍ ജീവ ശ്വാസം....
അറിയുന്നുവോ സഖീ എന്‍ പ്രണയാഗ്നി നീ
നിന്റെ സ്നേഹചുംബനങ്ങള്‍ മൂടുക
എന്നിലെരിയുന്ന അഗ്നി കെടുത്തുക...
വിശുദ്ധമായ ഈ പ്രേമഗാഥ
ശിലകളില്‍ കൊത്തി വെക്കട്ടെ
ഈ അരയാലും  കുളപ്പടവും
നമ്മുടെ പ്രേമത്തിന്‍ മൂക സാക്ഷി.

















വിളക്ക്


   പണ്ട് നീ ഒരു തിരിനാളമായി 
   എന്റെ രാത്രികള്ക്ക് കൂട്ടിരുന്നു 
   എത്രയെത്ര പുസ്തകങ്ങള്‍ നിന്റെ 
   വെട്ടത്തില്‍ വായിച്ചറിഞ്ഞു ഞാന്‍! 
   നഷ്ട കാലം, പ്രതാപകാലം! 
   ഇല്ല നിന്റെ ഓര്മ്മകള്‍ 
   മരിക്കില്ലെന്‍ അകതാരില്‍! 



Thursday, July 12, 2012

മരണം

 നീ പിറന്നൊരാ നാള്‍ തൊട്ട് തന്നെ
 നിന്‍ വഴിയില്‍ ഞാനുമുണ്ടായിരുന്നു
 നിന്റെ സഞ്ചാര പാതകളില്‍ 
 നിന്റെ കാല്‍പാദങ്ങള്‍ പിന്തുടര്‍ന്ന്
 വഴിയാത്രകളില്‍ നീയെന്നെക്കണ്ടു
 പല രൂപത്തില്‍, പല ഭാവത്തില്‍
 അറിഞ്ഞിട്ടും നീയറിയാത്ത പോല്‍ നടിച്ചു
 ഞാനെന്ന സത്യത്തെ നീയവഗണിച്ചു
 നീ സ്വപ്നങ്ങള്‍ തന്‍ മായാവിപഞ്ചികയി-
 ലേറി മണി മാളികയില്‍ സുഖിച്ചുറങ്ങി
 ഒടുവില്‍ ഞാന്‍ നിന്റെയാത്മാവിനെ 
 നിന്നില്‍ നിന്നകറ്റുമെന്നെന്നേക്കുമായ്‌...


Wednesday, July 11, 2012

ഒരു നിരാശാ കാമുകന്റെ ജല്പനങ്ങള്‍


ഞാനെന്‍ ഖബറില്‍
ഏകനായിക്കിടക്കവേ 
അവളുടെ കൊലുസിന്റെ നാദം
ഒരിക്കല്‍ക്കൂടി എന്റെ 
കാതില്‍ മുഴങ്ങി 
മറ്റൊരുവന്റെ കയ്യില്‍ത്തൂങ്ങി 
അവളാ വഴിത്താരയില്‍ 
എന്റെ ഖബറിന്നരികില്‍ 
കൂടി കടന്നു പോയി 
ഒന്ന് തിരിഞ്ഞു പോലും നോക്കാതെ !
നിനക്ക് വേണ്ടി ജീവന്‍ വെടിഞ്ഞ 
പൂര്‍വ്വ കാമുകനെ 
ശരവേഗത്തില്‍ നീ മറന്നു..!